അമൃത്സർ: പഞ്ചാബിലെ സിറക്പുരിൽ അമിത വേഗതയിലെത്തിയ ഓഡി കാർ ഇടിച്ച് വിദേശ വനിത കൊല്ലപ്പെട്ടു. ആംകെയർ ആശുപത്രിക്ക് സമീപമുള്ള വിഐപി റോഡിൽ അർധരാത്രിയോടെയാണ് സംഭവം.
തുർക്കി പൗരയായ മാവ്ലുഡ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഭിഷേകിന് പരിക്കേറ്റു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന അഭിഷേകിന്റെ ഗർഭിണിയായ ഭാര്യയെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ഇവർ.
റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന ഒരു ഓഡി കാർ ഇവരെ ഇടിച്ചു തെറുപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മാവ്ലുഡ റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ പോലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പോലീസ് വൈകിയാണ് എത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. മൃതദേഹം ദേര ബാസി സബ് ഡിവിഷണൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താൻ പോലീസ് സിസിടിവി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
'മരിച്ചയാൾ വിദേശ പൗരയായ മാവ്ലുഡയാണ്. അവരുടെ സഹോദരി തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അവർ എത്തിയതിന് ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.'- അന്വേഷണ ഉദ്യോഗസ്ഥൻ രാജ് കുമാർ പറഞ്ഞു.